പൃഥ്വിരാജ് സുകുമാരന്റെ മാതൃക പിന്തുടർന്നാൽ ബോളിവുഡിന് നിലവിലുള്ള പല പ്രതിസന്ധികളും പരിഹരിക്കാനാകുമെന്ന് സംവിധായകൻ സഞ്ജയ് ഗുപ്ത.
സ്വന്തം ചിത്രങ്ങൾ നിർമിക്കുക കൂടി ചെയ്യുന്ന പൃഥ്വിരാജ് മുൻകൂറായി വലിയ തുക പ്രതിഫലം വാങ്ങുന്നതിന് പകരം ചിത്രത്തിന്റെ ലാഭവിഹിതം സ്വീകരിക്കുന്ന രീതിയെയാണ് അദ്ദേഹം പ്രോത്സാഹിപ്പിച്ചത്.
'മലയാള സൂപ്പർതാരം പൃഥ്വിരാജ് തന്റെ ഭൂരിഭാഗം സിനിമകളും സ്വയം നിർമിക്കുന്നു. അദ്ദേഹം പറഞ്ഞതുപ്രകാരം, ഒരു സിനിമയുടെ ബജറ്റിൽ ഏറ്റവും വലിയ ചെലവ് അദ്ദേഹത്തിന്റെ പ്രതിഫലമാണ്. അതിനാൽ അദ്ദേഹം ആ തുക ഒഴിവാക്കുകയും പകരം അത് ലാഭവിഹിതമാക്കി മാറ്റുകയും ചെയ്യുന്നു. ഇതോടെ സിനിമ പെട്ടെന്ന് തന്നെ താങ്ങാനാവുന്നതും സുരക്ഷിതവും ലാഭകരവുമായി മാറുന്നു.
എന്തുകൊണ്ട് ഇത് ഒരു പൊതുകീഴ്വഴക്കമായിക്കൂടാ? പാനൽ ചർച്ചകളിൽ സംസാരിക്കുന്നതിന് പകരം കൂടുതൽ താരങ്ങൾ ഇത് പ്രാവർത്തികമാക്കിയാൽ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്നങ്ങളും താനേ ഇല്ലാതാകും. അദ്ദേഹം പറഞ്ഞു.
ഇതിനു മുൻപും നിലപാടുകൾ കൊണ്ട് ശ്രദ്ധ നേടിയ ആളാണ് സഞ്ജയ് ഗുപ്ത. നടൻ രൺവീർ സിംഗിനെ വിലക്കിയ സംഭവത്തിൽ സഞ്ജയ് ഗുപ്ത സ്വീകരിച്ച നിലപാട് ശ്രദ്ധേയമായിരുന്നു. ഒരു മുൻനിര താരത്തെ വിലക്കുന്നത് സിനിമയ്ക്കായി ജോലി ചെയ്യുന്ന മുന്നൂറിലധികം വരുന്ന അണിയറപ്രവർത്തകരുടെ ജീവനോപാധിയെ ബാധിക്കുമെന്നാണ് ഗുപ്ത അന്ന് അഭിപ്രായപ്പെട്ടത്.